തൃശൂർ: കൈക്കൂലിക്കേസിൽ പാലക്കാട് വല്ലപ്പുഴ മുൻ വില്ലേജ് ഓഫീസർക്കു നാലു വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തൃശൂർ വിജിലൻസ് കോടതി. ഭൂനികുതി അടച്ചുനൽകാൻ ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസിലാണു നിലവിൽ പാലക്കാട് നെല്ലായ വില്ലേജ് ഓഫീസറായ പാലക്കാട് ചെർപ്പുളശേരി സ്വദേശി പി. ഉദയഭാനുവിനെ(53) ശിക്ഷിച്ചത്.
വല്ലപ്പുഴ സ്വദേശിയായ പരാതിക്കാരന്റെ സഹോദരന്റെ പേരിലുള്ള സ്ഥലം വാഹനാപകടക്കേസിൽ കോടതി അറ്റാച്ച്മെന്റ് ഒഴിഞ്ഞതിനെതുടർന്ന് ഭൂമിയുടെ നികുതി അടയ്ക്കാനായി വല്ലപ്പുഴ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.
വല്ലപ്പുഴ വില്ലേജ് ഓഫീസറായിരുന്ന പി. ഉദയഭാനു സ്ഥലം അളക്കാൻ മൂവായിരം രൂപ പരാതിക്കാരന്റെ സഹോദരനിൽനിന്നു നേരത്തേ കൈക്കൂലി വാങ്ങിയിരുന്നു. സഹോദരൻ ഗൾഫിൽ പോയപ്പോൾ പരാതിക്കാരൻ പലതവണ ഉദയഭാനുവിനെ സമീപിച്ചെങ്കിലും നികുതി സ്വീകരിക്കാതെ പല കാരണങ്ങൾ പറഞ്ഞ് വൈകിപ്പിച്ചു.
ഒടുവിൽ ഒറ്റപ്പാലം തഹസിൽദാറുടെയും ഡെപ്യൂട്ടി തഹസിൽദാറുടെയും ഇടപെടലിനെതുടർന്ന് അടിയാധാരം ഹാജരാക്കിയിട്ടും ഉദയഭാനു നികുതി സ്വീകരിച്ചില്ല. ആയിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് കൈക്കൂലി കൈപ്പറ്റുന്നതിനിടെ പാലക്കാട് വിജിലൻസ് യൂണിറ്റ് ഉദയഭാനുവിനെ കൈയോടെ പിടികൂടുകയായിരുന്നു. തൃശൂർ വിജിലൻസ് കോടതി ജഡ്ജി കെ.എം. രതീഷ് കുമാറാണ് വിധി പുറപ്പെടുവിച്ചത്.